Tuesday, 21 July 2020

കുഞ്ചിത്തണ്ണിസ്മരണ

 

വന്ന നാൾ മുതലുള്ള സംശയമാണ് ഈ സ്ഥല പേരിന്റെ അർത്ഥം. ആർക്കും വ്യക്തമായ ധാരണയില്ല തനിയെ ഇങ്ങോട്ട് ഉദ്യോഗത്തിൽ പ്രവേശിക്കാനുള്ള യാത്ര തീർത്തും യാദൃശ്ചികമായിരുന്നു. 

നേര്യമംഗലം മുതലിങ്ങോട്ടുള്ള യാത്ര വിടർന്നട കണ്ണുകളുമായി ആയിരുന്നു പ്രളയക്കെടുതിയുടെ ബാക്കിപത്രങ്ങൾ എന്നെ സ്തബ്ധയാക്കി. കണ്ണിമയ്ക്കാതെ നോക്കി കാണുകയായിരുന്നു ഞാൻ .പച്ച കാടുകൾക്കിടയിൽ മുറിവിൽ നിന്നുള്ള രക്തം വാർന്ന പോലെ അവിടെവിടെ ചുവന്ന മണ്ണിടിഞ്ഞ അവശേഷിപ്പുകൾ. പ്രകൃതിക്ക് മുറിവേൽപ്പിച്ച വരെ ഓർമ്മിപ്പിക്കാൻ എന്ന പോലെ തോന്നി. അടിയിൽ നിന്ന് മണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലായ റോഡുകളിലൂടെ ആയിരുന്നു സെപ്റ്റംബർ 14 പ്രളയശേഷം ഒരു മാസം കഴിഞ്ഞുള്ള എന്റെ കുഞ്ചിത്തണ്ണി യാത്ര അടിമാലി കഴിഞ്ഞ് കുഞ്ചിത്തണ്ണി ലേക്കുള്ള യാത്രയിൽ ദുരിതത്തിലായ നാടിന്റെ കണ്ണിൽനിന്ന് പൊടിഞ്ഞ ചോര പോലെ ഇടിഞ്ഞ മലകളിലെ ചുമപ്പ്. എല്ലാവർഷവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉള്ള ഈ നാട്ടിൽ മണ്ണിനോടും പ്രകൃതിയോടും പോരാടി ജീവിക്കുന്ന പാറപോലെ ഉറച്ച മനസ്സുള്ള ആളുകളെ ഞാൻ കണ്ടു .പക്ഷേ ഇത്തവണത്തെ പ്രളയം ആകെ ഒന്നുലച്ചിരിക്കുന്നു എല്ലാവരെയും . അതിന്റെ ശരിയായ രൂപം ഞാൻ കണ്ടത് നവംബറിൽ കനത്ത മഴ പെയ്ത ദിവസം പകച്ച് പേടിയോടെ മഴയെ നോക്കി നിൽക്കുന്ന ജനങ്ങളുടെ കണ്ണിൽ ആണ് .മഴയെ ഞങ്ങൾക്ക് പേടിയില്ല. പക്ഷേ എപ്പോൾ എവിടെ വേണമെങ്കിലും ഉരുൾപൊട്ടാം. പ്രളയത്തിൽ കുതിർന്നിരിക്കുകയാണ്   സകലയിടവും മലകൾ. ഉരുൾ പൊട്ടിയാൽ ഒരു പ്രദേശം തന്നെയാണ് ഇല്ലാതാവുക എന്നതാണ് ആധി.രാത്രിയായപ്പോൾ കാടും മലകളും എന്ന് പകൽ ഞാൻ കരുതിയ
ഇടത്തെല്ലാം അവിടവിടെ വെളിച്ചം. അത്ഭുതത്തോടെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ആ മലകളിൽ എല്ലായിടവും റോഡും വീടുകളും ഉണ്ട്.അത്ര ഉയരത്തിലോ?എന്ന് അന്വേഷിച്ച എന്റെ കൗതുകത്തെ ചിരിച്ചുതള്ളി കളിയാക്കി അവർ.വീട് എവിടെയാണെന്ന് ചോദിച്ചാൽ ചിലർ മുകളിലേക്ക്  കൈ ചൂണ്ടും.
 ആ മലമുകളിലോ എന്ന് ചോദിച്ചാൽ ഏയ്  അല്ല റോഡരികിൽ ആണെന്ന്  മറുപടി.ഇതെന്താ ഇങ്ങിനെ?ഞാൻ കൗതുകത്തോടെ നോക്കുമ്പോൾ ചിരിച്ചുതള്ളും അവർ ഇതാരപ്പാ?എന്ന മട്ടിൽ ആ
  നാട്ടിലും ഒരു ക്ഷേത്രം ഉണ്ടോ എന്ന് അന്വേഷിച്ച് ഞാൻ മലമുകളിലൂടെ കയറിയും ഇറങ്ങിയും ഉള്ള റോഡുകൾ താണ്ടി ഒന്നരകിലോമീറ്റർ നടന്ന് മഹാദേവ ക്ഷേത്രത്തിൽ എത്തി.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭഗവാന്റെ സന്നിധി. പുഴയുടെ കളകളാരവം ഭഗവാന്റെ സ്തുതിയാണെന്ന ഭക്തിഗാനം ആണ് ചെവിയിൽ ഒഴുകിയെത്തി യത്. നിറയെ ഭംഗിയായി തുടുത്ത് കായ്ച്ചുനിൽക്കുന്ന അത്തിമരം. നാരായണഗുരുവിനെ തൊഴുതു ശിവരൂപം പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ എത്തിയപ്പോൾ സൗഹൃദത്തോടെ സ്വീകരിച്ച ശാന്തി. ദിവസേനയുള്ള ക്ഷേത്രത്തിലേക്കുള്ള യാത്ര ,നിഷ്കളങ്കരായ നാട്ടുകാരുടെ ചങ്ങാതി ആക്കി എന്നെ.വഴിയിൽ കാണുമ്പോൾ നിറയെ ചിരിച്ച് വിശേഷം ചോദിക്കുന്നവർ. ഒരു ദിവസം കാണാഞ്ഞാൽ അന്വേഷണവുമായി എത്തുന്നവർ .ഓട്ടോ നിർത്തി സൗജന്യമായി ലിഫ്റ്റ് തരുന്ന ഓട്ടോക്കാർ. പാൽ സൊസൈറ്റിയിലെ ചാക്കോച്ചി ചേട്ടൻഇന്നെന്താ പാൽ വേണ്ടേ? എന്ന് അന്വേഷിക്കും. പലചരക്കും പച്ചക്കറിയും മത്സ്യവും കോഴിയും മാംസവും എല്ലാം ഒരേ കടയിൽ തന്നെ .ഉണക്ക മൽസ്യ ത്തിന്റെ ധാരാളം വലിയ  കടകൾ. ദിവസേന വലിയ ലോറിയിലെത്തുന്ന ഉണക്കമത്സ്യം. നാട്ടുകാരുടെ പ്രിയ ഭക്ഷണമാണ് അതും കപ്പയും .വഴിനീളെ മനസ്സിനെ പിടിച്ചു നിർത്തുന്ന മനോഹരമായ കാട്ടുപൂക്കളും ചെടികളും.പുൽക്കൊടിക്ക് പോലും പ്രത്യേക സൗന്ദര്യം. കളകളാരവം  മുഴക്കി ഒഴുകുന്ന നിറയെ പാറക്കൂട്ടങ്ങളുള്ള  മുതിരപ്പുഴയാർ. കടും വർണ്ണത്തിലുള്ള പൂക്കൾ. നാട്ടിലെ പൂക്കൾക്കി
ല്ലാത്ത കടുത്ത വർണ്ണങ്ങൾ. വഴിയരികിലെ സുന്ദരിയായ വേലിപ്പൂവും,
 വർഷങ്ങൾക്കുമുൻപ് മാത്രം നാട്ടിൽ കണ്ടിട്ടുള്ള പച്ച നീളൻ തണ്ടിലെ വയലറ്റ് പൂക്കളുള്ള ചെടികളും, നിറയെ വെളുത്ത് പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്ന കാപ്പി ചെടികളും തേയിലയുടെ പച്ച മെത്തയും, പരിസരം മുഴുവൻ സുഗന്ധം നിറക്കുന്ന ഏലക്കാടും, കുരുമുളകും കൊക്കോ  മരങ്ങളും, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഇടുക്കി തന്നെയാണ് ദൈവത്തിൻറെ സ്വന്തം നാട് എന്ന് അറിയാതെ പലപ്പോഴും പറഞ്ഞുപോകും. ഓഫീസിൽ നിന്ന് നോക്കിയാൽ കാണുന്ന മലയുടെ ഭംഗി അനുപമമാണ്. വെയിലും നിഴലും ചേർന്ന് ഉയരമുള്ള മലകളിൽ മായാജാലമാണ് തീർക്കുന്നതെന്ന് തോന്നിപ്പോകും. എത്രനേരം വേണമെങ്കിലും കണ്ണിമയ്ക്കാതെ നോക്കി ഇരിക്കാൻ തോന്നും. താമസസ്ഥലത്തേക്ക് രണ്ടു മലകൾ ഇറങ്ങണം. മുകളിൽ നിന്ന് താഴേക്കുള്ള കാഴ്ച അഭ്രപാളികളിൽ കണ്ടിട്ടുള്ളതി നെയൊക്കെ വെല്ലും. തട്ട് തട്ടായുള്ള മലകളും താഴെ പുഴയും ,പുഴയോരത്തെ ഞങ്ങളുടെ താമസസ്ഥലവും . സ്ഥലം മാറ്റം കിട്ടി  നാട്ടിൽ തിരിച്ചെത്തി തിരിഞ്ഞ് നോക്കുമ്പോൾ കുഞ്ചിത്തണ്ണിയിൽ  നിന്ന് കാണുന്ന മൂന്നാർ മലകളുടെയും ചൊക്രമുടിയുടെയും ഓർമ്മകളും തണുപ്പും  മനസിനെ കുളിരണിയിക്കും ഇപ്പോഴും.

Friday, 5 June 2020

Dementia Care centre

ആത്മ സമർപ്പണത്തിന്റെ നിറവിൽ 

ഇളംപ്രായത്തിൽ ആരാധന തോന്നിയത് മദർ തെരേസയുടെ പ്രവർത്തനങ്ങളോട്. അശരണർക്ക് കൂട്ടാവുക എന്ന ഇളം മനസ്സിലെ ആഗ്രഹം ആകാം കാരണം.ആ വഴി സ്വീകരിച്ച് സേവനപ്രവർത്തനങ്ങളി ലേക്ക് ഒഴുകണം എന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചു. ഒഴുക്കിനൊത്ത്  നീന്തിയ ജീവിതത്തിൽ അതൊക്കെ വെറും സ്വപ്നമായി ഉള്ളിലെവിടെയോ കുഴിച്ചുമൂടി.ജീവിതത്തിലെ പലായനത്തിൽ ഒന്നും തിരിച്ചു ഓർത്തെടുക്കാൻ ആകുമായിരുന്നില്ല. ഒഴുക്കിനൊപ്പം അലമാലപോലെ ഒഴുകി. കുടുംബം എന്നതിനപ്പുറം മേൽപ്പറഞ്ഞ ഉള്ളിലെ ചിന്തകൾക്ക് അൽപമെങ്കിലും സംതൃപ്തി ലഭിച്ചത് ഉദ്യോഗത്തിൽ ഇരുന്ന് ചെയ്യാൻ ആകുമായിരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആവുംവിധം പരിപൂർണമായി ചെയ്തതാണ്. സാമൂഹ്യനീതി ലഭ്യമാക്കുന്ന വകുപ്പിലെ ജോലി ഒരുപരിധിവരെ അതിനു സഹായിച്ചു. അതിനു മുൻപത്തെ അധ്യാപിക എന്ന പ്രവർത്തി മണ്ഡലത്തിലും പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിൽ  
 ശിഷ്യരുടെ മനസ്സിൽ  ചെറുതായെങ്കിലും
ഓളങ്ങൾ ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങൾ അൽപമെങ്കിലും വിജയിച്ചതിന്റെ സന്തോഷം ആ പ്രവൃത്തി മണ്ഡലത്തിന്റെ സംതൃപ്തിയായി.  ജീവിതം അങ്ങനെ ഒഴുക്കിനൊപ്പം ഒലിച്ചു പോകവേ പണ്ടത്തെ ആതുര സേവന ത്തിന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ എന്നവണ്ണം ഔദ്യോഗിക ജീവിതത്തിലെ മൂന്നുമാസം മാത്രം നീണ്ട ഒരു അദ്ധ്യായം ദൈവനിയോഗം പോലെ. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ ആവാത്ത നിർവൃതി അനുഭവിച്ച മേധാക്ഷയ പരിചരണ കേന്ദ്രത്തിന്റെ മേലധികാരിയുടെ റോൾ. ഒട്ടൊരു ഉൾഭയത്തോടെയാണ് പടി കടന്നു ചെന്നത്. കേട്ടറിഞ്ഞത് മുഴുവൻ ജോലിയുടെ ബുദ്ധിമുട്ടുകൾ മാത്രം. അതിൽ നിന്നു കിട്ടുന്ന ആത്മനിർവൃതി അനുഭവിച്ചപ്പോൾ മാത്രമാണ്  അറിവായത്.സ്ഥലകാല ബോധങ്ങൾ മറഞ്ഞ ഡിമൻഷ്യ രോഗികൾ.പലരും അനാഥർ.ഭൂതവും ഭാവിയും വർത്തമാനവും ഒന്നുമറിയാതെ സ്വന്തം വീട്ടുകാർ ആരെന്നു പോലും ഓർമ്മിച്ചെടുക്കാൻ ആവാതെ പേര് പോലും അറിയാതെ കണ്ടാൽ യാതൊരു കുഴപ്പവും തോന്നാതെ കുറെ മനുഷ്യർ .പ്രായമായ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത മാതാപിതാക്കളെ പോലും നട തള്ളുന്ന വർത്തമാനകാലത്തെ സ്വാർത്ഥ ലോകത്തിൽ ഓർമ്മ നഷ്ടപ്പെട്ട ഈ പാവം വയോജനങ്ങളെ ആർക്കാണ് ആവശ്യം. സ്വന്തം വീട്ടിലും സമൂഹത്തിലും തിരസ്കരിക്കപ്പെട്ട് അവഗണന അനുഭവിക്കേണ്ടിവരുമായിരുന്ന ഒരുകൂട്ടം ആളുകൾ .അവരെ സംരക്ഷിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ സൂപ്രണ്ടിന് ചെയ്യാൻ ഒരുപാട് സേവനങ്ങൾ ഉണ്ടായിരുന്നു. മൂന്നുമാസംകൊണ്ടു പണ്ടു മനസ്സിൽ കുഴിച്ചു മൂടിയിരുന്ന സ്വപ്നം ചിറകുവിരിച്ച് പറന്നുയർന്ന് ചെയ്യാനാവുന്നതൊക്കെ ചെയ്തതിന്റെ ആത്മസംതൃപ്തി  വാക്കുകളിൽ ഒതുക്കാനാവില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും അതിനേക്കാളുപരി തദ്ദേശവാസികളുടെ യും മാനേജ്മെന്റ് കമ്മിറ്റിയുടെയും  സന്മനസ്സു കളുടെയും ഒറ്റക്കെട്ടായ പിന്തുണകൊണ്ട് അവഗണിക്കപ്പെട്ട് ഏതെങ്കിലും ഒരു കോണിലേക്ക് പിൻതള്ളപ്പെടേണ്ടി വരുമായിരുന്നവർക്ക് മുന്തിയ പരിഗണനയും പരിചരണവും സന്തോഷവും നൽകി രാജകീയമായി കൊണ്ടുനടക്കാൻ ദൈവനിയോഗം ഉണ്ടായെന്നു  തന്നെ ഞാനിപ്പോഴും കരുതുന്നു. അതിനെനിക്ക് ഇടവും വലവും നിന്ന് കരുത്തു പകർന്നത് വകുപ്പിലെ മേലുദ്യോഗസ്ഥരും മുൻ സൂപ്രണ്ടമാരും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും .എത്രയോ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരിക്കുന്നു.അവിടെ ഒന്നുമില്ലാത്ത ഉൽകൃഷ്ടമായ ഒരു തൊഴിൽ ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ഞാൻ മാത്രമല്ല അവിടുത്തെ മറ്റ് ജീവനക്കാരും അനുഭവിക്കുന്നത് തൊട്ടറിഞ്ഞു. തൊഴിൽ ആയിരുന്നില്ല ഞങ്ങൾ അവിടെ ചെയ്തത്.എല്ലാവരും അവിടെ ജീവിക്കുക തന്നെയായിരുന്നു. അമ്മയാവണ്ടവർക്ക് അമ്മയായി മകളാവണ്ടവർക്ക് മകളായി സഹോദരി ആവണ്ടവർക്ക്  സഹോദരിയായി സഹോദരൻ ആയി അവിടുത്തെ ഓരോ ജീവനക്കാരും ജീവിക്കുക തന്നെയായിരുന്നു. അനുഭവിച്ചു തന്നെ അറിയേണ്ട പുണ്യം. പ്രാഥമിക കാര്യങ്ങൾ മുതൽ ഊട്ടാനും ഉറക്കാനും വരെ പരസഹായം വേണ്ടവർക്ക് ഒരു കുടുംബത്തിനും നൽകാനാവാത്ത താങ്ങും തണലുമായ സ്ഥാപനത്തിലെ ജീവനക്കാരെ എങ്ങനെയാണ്  വർണ്ണിക്കേണ്ടത് എന്നതിന് എനിക്ക് വാക്കുകളില്ല .ഒരു തൊഴിലായി കണക്കാക്കി അവിടെ ജോലിക്ക് എത്തുന്നവർക്ക് ഒരാഴ്ച പോലും തികക്കാനാവില്ല. ജീവിതമായി തൊഴിൽ സന്തോഷത്തോടെ സ്വീകരിച്ചവരെ മാത്രമേ ഞാൻ അവിടെ കണ്ടുള്ളൂ. അവർക്ക് വേണ്ട മാനസിക പിന്തുണ മാത്രമേ എനിക്ക് നൽകേണ്ടിവന്നുള്ളൂ .അത് അവരെ കൂടുതൽ കരുത്തരും ഊർജ്ജസ്വലരും ആക്കുന്നത് ഞാൻ മാറി നിന്ന് നോക്കി കണ്ട് ആസ്വദിച്ചു .ഇതുവരെ കണ്ടത് ഒന്നുമല്ല ജീവിതമെന്ന് എന്നെ അവിടുത്തെ പാഠങ്ങൾ പഠിപ്പിച്ചു .നന്മ മാത്രം കൈമുതലായ ഒരുപാടാളുകളെ   ആ കസേരയിൽ ഇരുന്ന് എനിക്ക് കാണാനായി. സമൂഹത്തിലേക്ക് കുറച്ചെങ്കിലും നല്ല സന്ദേശം ആ കസേരയിലിരുന്ന് പകരാനായതിന്റെ ചാരിതാർത്ഥ്യവുമായി പടി ഇറങ്ങിയെങ്കിലും മൂന്നുമാസക്കാലത്തെ ഓർമ്മകൾ മധുര സ്മരണയായി എന്നും 
മനസ്സിൽ ഉണ്ടാവും.