Tuesday, 21 July 2020

കുഞ്ചിത്തണ്ണിസ്മരണ

 

വന്ന നാൾ മുതലുള്ള സംശയമാണ് ഈ സ്ഥല പേരിന്റെ അർത്ഥം. ആർക്കും വ്യക്തമായ ധാരണയില്ല തനിയെ ഇങ്ങോട്ട് ഉദ്യോഗത്തിൽ പ്രവേശിക്കാനുള്ള യാത്ര തീർത്തും യാദൃശ്ചികമായിരുന്നു. 

നേര്യമംഗലം മുതലിങ്ങോട്ടുള്ള യാത്ര വിടർന്നട കണ്ണുകളുമായി ആയിരുന്നു പ്രളയക്കെടുതിയുടെ ബാക്കിപത്രങ്ങൾ എന്നെ സ്തബ്ധയാക്കി. കണ്ണിമയ്ക്കാതെ നോക്കി കാണുകയായിരുന്നു ഞാൻ .പച്ച കാടുകൾക്കിടയിൽ മുറിവിൽ നിന്നുള്ള രക്തം വാർന്ന പോലെ അവിടെവിടെ ചുവന്ന മണ്ണിടിഞ്ഞ അവശേഷിപ്പുകൾ. പ്രകൃതിക്ക് മുറിവേൽപ്പിച്ച വരെ ഓർമ്മിപ്പിക്കാൻ എന്ന പോലെ തോന്നി. അടിയിൽ നിന്ന് മണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലായ റോഡുകളിലൂടെ ആയിരുന്നു സെപ്റ്റംബർ 14 പ്രളയശേഷം ഒരു മാസം കഴിഞ്ഞുള്ള എന്റെ കുഞ്ചിത്തണ്ണി യാത്ര അടിമാലി കഴിഞ്ഞ് കുഞ്ചിത്തണ്ണി ലേക്കുള്ള യാത്രയിൽ ദുരിതത്തിലായ നാടിന്റെ കണ്ണിൽനിന്ന് പൊടിഞ്ഞ ചോര പോലെ ഇടിഞ്ഞ മലകളിലെ ചുമപ്പ്. എല്ലാവർഷവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉള്ള ഈ നാട്ടിൽ മണ്ണിനോടും പ്രകൃതിയോടും പോരാടി ജീവിക്കുന്ന പാറപോലെ ഉറച്ച മനസ്സുള്ള ആളുകളെ ഞാൻ കണ്ടു .പക്ഷേ ഇത്തവണത്തെ പ്രളയം ആകെ ഒന്നുലച്ചിരിക്കുന്നു എല്ലാവരെയും . അതിന്റെ ശരിയായ രൂപം ഞാൻ കണ്ടത് നവംബറിൽ കനത്ത മഴ പെയ്ത ദിവസം പകച്ച് പേടിയോടെ മഴയെ നോക്കി നിൽക്കുന്ന ജനങ്ങളുടെ കണ്ണിൽ ആണ് .മഴയെ ഞങ്ങൾക്ക് പേടിയില്ല. പക്ഷേ എപ്പോൾ എവിടെ വേണമെങ്കിലും ഉരുൾപൊട്ടാം. പ്രളയത്തിൽ കുതിർന്നിരിക്കുകയാണ്   സകലയിടവും മലകൾ. ഉരുൾ പൊട്ടിയാൽ ഒരു പ്രദേശം തന്നെയാണ് ഇല്ലാതാവുക എന്നതാണ് ആധി.രാത്രിയായപ്പോൾ കാടും മലകളും എന്ന് പകൽ ഞാൻ കരുതിയ
ഇടത്തെല്ലാം അവിടവിടെ വെളിച്ചം. അത്ഭുതത്തോടെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ആ മലകളിൽ എല്ലായിടവും റോഡും വീടുകളും ഉണ്ട്.അത്ര ഉയരത്തിലോ?എന്ന് അന്വേഷിച്ച എന്റെ കൗതുകത്തെ ചിരിച്ചുതള്ളി കളിയാക്കി അവർ.വീട് എവിടെയാണെന്ന് ചോദിച്ചാൽ ചിലർ മുകളിലേക്ക്  കൈ ചൂണ്ടും.
 ആ മലമുകളിലോ എന്ന് ചോദിച്ചാൽ ഏയ്  അല്ല റോഡരികിൽ ആണെന്ന്  മറുപടി.ഇതെന്താ ഇങ്ങിനെ?ഞാൻ കൗതുകത്തോടെ നോക്കുമ്പോൾ ചിരിച്ചുതള്ളും അവർ ഇതാരപ്പാ?എന്ന മട്ടിൽ ആ
  നാട്ടിലും ഒരു ക്ഷേത്രം ഉണ്ടോ എന്ന് അന്വേഷിച്ച് ഞാൻ മലമുകളിലൂടെ കയറിയും ഇറങ്ങിയും ഉള്ള റോഡുകൾ താണ്ടി ഒന്നരകിലോമീറ്റർ നടന്ന് മഹാദേവ ക്ഷേത്രത്തിൽ എത്തി.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭഗവാന്റെ സന്നിധി. പുഴയുടെ കളകളാരവം ഭഗവാന്റെ സ്തുതിയാണെന്ന ഭക്തിഗാനം ആണ് ചെവിയിൽ ഒഴുകിയെത്തി യത്. നിറയെ ഭംഗിയായി തുടുത്ത് കായ്ച്ചുനിൽക്കുന്ന അത്തിമരം. നാരായണഗുരുവിനെ തൊഴുതു ശിവരൂപം പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ എത്തിയപ്പോൾ സൗഹൃദത്തോടെ സ്വീകരിച്ച ശാന്തി. ദിവസേനയുള്ള ക്ഷേത്രത്തിലേക്കുള്ള യാത്ര ,നിഷ്കളങ്കരായ നാട്ടുകാരുടെ ചങ്ങാതി ആക്കി എന്നെ.വഴിയിൽ കാണുമ്പോൾ നിറയെ ചിരിച്ച് വിശേഷം ചോദിക്കുന്നവർ. ഒരു ദിവസം കാണാഞ്ഞാൽ അന്വേഷണവുമായി എത്തുന്നവർ .ഓട്ടോ നിർത്തി സൗജന്യമായി ലിഫ്റ്റ് തരുന്ന ഓട്ടോക്കാർ. പാൽ സൊസൈറ്റിയിലെ ചാക്കോച്ചി ചേട്ടൻഇന്നെന്താ പാൽ വേണ്ടേ? എന്ന് അന്വേഷിക്കും. പലചരക്കും പച്ചക്കറിയും മത്സ്യവും കോഴിയും മാംസവും എല്ലാം ഒരേ കടയിൽ തന്നെ .ഉണക്ക മൽസ്യ ത്തിന്റെ ധാരാളം വലിയ  കടകൾ. ദിവസേന വലിയ ലോറിയിലെത്തുന്ന ഉണക്കമത്സ്യം. നാട്ടുകാരുടെ പ്രിയ ഭക്ഷണമാണ് അതും കപ്പയും .വഴിനീളെ മനസ്സിനെ പിടിച്ചു നിർത്തുന്ന മനോഹരമായ കാട്ടുപൂക്കളും ചെടികളും.പുൽക്കൊടിക്ക് പോലും പ്രത്യേക സൗന്ദര്യം. കളകളാരവം  മുഴക്കി ഒഴുകുന്ന നിറയെ പാറക്കൂട്ടങ്ങളുള്ള  മുതിരപ്പുഴയാർ. കടും വർണ്ണത്തിലുള്ള പൂക്കൾ. നാട്ടിലെ പൂക്കൾക്കി
ല്ലാത്ത കടുത്ത വർണ്ണങ്ങൾ. വഴിയരികിലെ സുന്ദരിയായ വേലിപ്പൂവും,
 വർഷങ്ങൾക്കുമുൻപ് മാത്രം നാട്ടിൽ കണ്ടിട്ടുള്ള പച്ച നീളൻ തണ്ടിലെ വയലറ്റ് പൂക്കളുള്ള ചെടികളും, നിറയെ വെളുത്ത് പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്ന കാപ്പി ചെടികളും തേയിലയുടെ പച്ച മെത്തയും, പരിസരം മുഴുവൻ സുഗന്ധം നിറക്കുന്ന ഏലക്കാടും, കുരുമുളകും കൊക്കോ  മരങ്ങളും, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഇടുക്കി തന്നെയാണ് ദൈവത്തിൻറെ സ്വന്തം നാട് എന്ന് അറിയാതെ പലപ്പോഴും പറഞ്ഞുപോകും. ഓഫീസിൽ നിന്ന് നോക്കിയാൽ കാണുന്ന മലയുടെ ഭംഗി അനുപമമാണ്. വെയിലും നിഴലും ചേർന്ന് ഉയരമുള്ള മലകളിൽ മായാജാലമാണ് തീർക്കുന്നതെന്ന് തോന്നിപ്പോകും. എത്രനേരം വേണമെങ്കിലും കണ്ണിമയ്ക്കാതെ നോക്കി ഇരിക്കാൻ തോന്നും. താമസസ്ഥലത്തേക്ക് രണ്ടു മലകൾ ഇറങ്ങണം. മുകളിൽ നിന്ന് താഴേക്കുള്ള കാഴ്ച അഭ്രപാളികളിൽ കണ്ടിട്ടുള്ളതി നെയൊക്കെ വെല്ലും. തട്ട് തട്ടായുള്ള മലകളും താഴെ പുഴയും ,പുഴയോരത്തെ ഞങ്ങളുടെ താമസസ്ഥലവും . സ്ഥലം മാറ്റം കിട്ടി  നാട്ടിൽ തിരിച്ചെത്തി തിരിഞ്ഞ് നോക്കുമ്പോൾ കുഞ്ചിത്തണ്ണിയിൽ  നിന്ന് കാണുന്ന മൂന്നാർ മലകളുടെയും ചൊക്രമുടിയുടെയും ഓർമ്മകളും തണുപ്പും  മനസിനെ കുളിരണിയിക്കും ഇപ്പോഴും.

No comments:

Post a Comment